Friday, October 23, 2015

ഉദയംപേരൂര്‍ UDAYAMPEROORഉദയംപേരൂര്‍ ചരിത്രതാളുകളിലുടെ.....................
എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് 5 കി.മി തെക്കുള്ള ഒരു ഗ്രാമമാണ് ഉദയംപേരൂര്‍. ഇംഗ്ലീഷ്:Udayamperoor (Diamper) എറണാകുളം - കോട്ടയം റോഡ്‌ (പുതിയകാവ് മുതല്‍ പൂത്തോട്ട വരെ) ഇതിലെയാണ്‌ കടന്നു പോകുന്നത്‌. ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ വളരെ പ്രാധാന്യമുള്ള സംഭവമായിരുന്നു. ഉദയംപേരൂര്‍ എന്ന പേരിനു പിന്നില്‍ ഒന്നാം ചേരസാമ്രാജ്യത്തിലെ പ്രശസ്തചക്രവര്‍ ര്‍ത്തിയായിരുന്നു ഉതിയല്‍ (ഉദയല്‍) ചേരലാതന്റെ പേരില്‍ നിന്നായിരിക്കണം സ്ഥലനാമമുത്ഭവിച്ചതെന്ന് കരുതുന്നു. ഉദയംപേരൂരിന്റേ ചരിത്രം എന്നു പരയുനതു ഇങ്ങനെയാണ് ടോളമിയുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന ഉദംപെറോറ (Udamperora) ഉദയം‍പേരൂര്‍ ആണെന്ന് അനുമാനിക്കപ്പെടുന്നു. തിരുവിതാംകൂര്‍ - കൊച്ചിഅതിര്‍ത്തി പ്രദേശമായിരുന്നു ഇവിടം. 18-ആം നൂറ്റാണ്ടില്‍ കൊച്ചിയുമായി ഉണ്ടായ യുദ്ധത്തില്‍ തിരുവിതാംകൂര്‍ യുവരാജാവായിരുന്ന രാമവര്‍ മ്മ (ധര്‍ മ്മ രാജാ) ഉദയം‍പേരൂരില്‍ താവളമടിക്കുകയുണ്ടായി. 1599-ലെ വിഖ്യാതമായ ഉദയംപേരൂര്‍ സുന്നഹദോസ് നടന്നത് അതില്‍ കേരളക്രൈസ്തവരെ റോമിലെ പാപ്പായുടെ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഭൂരിപക്ഷം വന്ന സുറിയാനി ക്രിസ്ത്യാനികളുടെ എതിര്‍പ്പ് പിടിച്ചുപറ്റി. ഉദയം‌പേരൂര്‍ ഭരിച്ചിരുന്ന വില്ലാര്‍‌വട്ടം രാജവംശത്തിലെ അവസാനത്തെ രാജാവ് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ്‌ വിശ്വാസം.ഇദ്ദേഹത്തിലെ കുഴിമാടം ഉദയം‌പേരൂര്‍ പള്ളിയിലെ കുഴിമാടങ്ങളിൽ കാണാം. ലിഖിതങ്ങളിൽ "ചെന്നോങ്ങലത്തു പാര്‍ത്ത വില്ലാര്‍വട്ടം തോമ്മാരാചാവു നാടുനീങ്കി: എന്നാണ്‌ ലിഖിതങ്ങളില്‍ഇവിടുത്തെ ഒരു പ്രത്യേകത എന്തെന്നുവച്ചാല്‍ നിരവധി ആരധനയലയങ്ങള്‍ ഉണ്ടത് എന്നതാണ് .അവയില്‍ ഏറ്റവും ചരിത്രപ്രാധാന്യമുള്ളത് സുന്നഹദോസ് പള്ളിയാണ്. ഇവിടെയുള്ള ശിവക്ഷേത്രം (പെരുംത്രിക്കോവില്‍ ശിവക്ഷേത്രം) വളരെ പ്രശസ്തമാണ്. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. ക്ഷേത്ര വളപ്പില്‍ നിരവധി ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഒരെണ്ണം ചേരചക്രവര്‍ത്തിയായിരുന്ന കോതരവിവര്‍മ്മയുടെ വിളമ്പരമാണ്. ആമേട ക്ഷേത്രം, നടക്കാവ് ഭഗവതി ക്ഷേത്രം, കടവില്‍ത്രിക്കോവില്‍ ശ്രീക്രിഷ്ണ സ്വാമി ക്ഷേത്രം, സെന്റ്റ് സെബാസ്റ്റ്യന്‍ പള്ളി തുടങ്ങിയ ആരാധനാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.

പൂര്‍വ്വകാല പ്രാദേശിക ചരിത്രം......................

മഹാഭാരതകഥയിലെ പാണ്ഡവകുടുംബം അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ട് ഹിഡുംബ വനത്തിലൂടെ ഏകചക്രം എന്ന ഗ്രാമത്തിലെത്തുകയും അവിടെ വെച്ച് ബകനെ വധിക്കുകയും ചെയ്തു. ആ ഏകചക്രഗ്രാമമാണ് ഇന്നത്തെ ഉദയംപേരൂര്‍ എന്നതാണ് ഉദയംപേരൂര്‍ പഞ്ചായത്തിന്റെ ഐതീഹ്യം. പ്രതാപശാലിയും, ധര്‍മ്മിഷ്ഠനുമായിരുന്ന ഉദയനമഹാരാജാവിന്റെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് അന്നത്തെ ജനങ്ങള്‍ ഏകചക്രഗ്രാമത്തെ ഉദയംപേരൂര്‍ എന്ന് നാമകരണം ചെയ്തത്. ഉദയംപേരൂര്‍ എന്നാല്‍ ഉദയനന്റെ പേരുള്ള ഊര് എന്നാണര്‍ത്ഥം. ഉദയനമഹാരാജാവിന്റെ പൂന്തോട്ടമായിരുന്നു ഇന്നത്തെ പൂത്തോട്ട. ചരിത്രം സൂചിപ്പിക്കുന്നതനുസരിച്ച് മാര്‍ത്താണ്ഡവര്‍മ്മയുടെ സര്‍വ്വസൈന്യാധിപനായിരുന്നു രാമയ്യന്‍ ദളവ. ഈ കാലഘട്ടത്തില്‍ കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ഉദയംപേരൂരില്‍ ഇന്നത്തെ ഉദയംപേരൂര്‍ കവലയ്ക്കും കണ്ടനാട് കവലയ്ക്കും ഇടയ്ക്ക് 356 മുറികളോടുകൂടിയ ഒരു വലിയ മലഞ്ചരക്കു വ്യാപാരകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു. ഈ അവസരത്തില്‍ ഈ പാണ്ഡികശാലയില്‍ നിന്നും മാര്‍ത്താണ്ഡവര്‍മ്മ 500 കണ്ടി കുരുമുളക് കപ്പം ചോദിക്കുകയും ഇത് നല്കാന്‍ വിസമ്മതിച്ച നാട്ടുരാജ്യം രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ പിടിച്ചടക്കുകയും ഈ പാണ്ഡികശാല തീവെച്ച് നശിപ്പിക്കുകയും ഇതിനുശേഷം കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. പാണ്ഡികശാല നടത്തിയിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ നാടുവിട്ടുപോകുകയും രാമയ്യന്‍ ദളവ മരിക്കുകയും ശേഷം അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള, മാര്‍ത്താണ്ഡവര്‍മ്മയുടെ സര്‍വ്വസൈന്യാധിപനാകുകയും ഈ പ്രദേശത്ത് സുറിയാനി ക്രിസ്ത്യാനികളെ പുനരധിവസിപ്പിച്ച് പാണ്ഡികശാല പുനഃരുജ്ജീവിപ്പിക്കുകയും ചെയ്തു.

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ബ്ളോക്കില്‍ മണകുന്നം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 24.85 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും, ചോറ്റാനിക്കര പഞ്ചായത്തും, തെക്ക് ആമ്പല്ലൂര്‍ പഞ്ചായത്തും, കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തും, ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തും, പടിഞ്ഞാറ് കുമ്പളം പഞ്ചായത്തും, ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തും, കിഴക്ക് ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍ പഞ്ചായത്തുകളുമാണ്. തിരുവിതാംകൂര്‍-കൊച്ചിയുടെ അതിര്‍ത്തികല്ലുകള്‍ ഇന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ ചരിത്രസ്മാരകമായി അവശേഷിക്കുന്നു. 1599-ല്‍ ചരിത്രപ്രസിദ്ധമായ സുന്നഹദോസ് നടന്നത് ഈ പഞ്ചായത്തിലാണ്. പോര്‍ട്ടുഗീസുകാരുടെ വരവോടുകൂടി സുറിയാനി ക്രിസ്ത്യാനികളെയാകെ റോമന്‍ കത്തോലിക്കരാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉദയംപേരൂര്‍ പള്ളിയങ്കണത്തില്‍ ഏതാണ്ട് 150-ല്‍ പരം സുറിയാനി ക്രിസ്ത്യാനികള്‍ ചേര്‍ന്ന മഹാസമ്മേളനമാണ് സുന്നഹദോസ് എന്ന പേരില്‍ അറിയപ്പെടുന്നത്. പഞ്ചായത്ത് അതിര്‍ത്തിയിലെ ആദ്യക്ഷേത്രമായ പെരംതൃക്കോവില്‍ ക്ഷേത്രം ഭാര്‍വരാമനാല്‍ പണികഴിപ്പിച്ച ക്ഷേത്രമാണ് എന്നു വിശ്വസിക്കുന്നു. കടലിന്റെ ഊര് എന്നര്‍ത്ഥം വരുന്ന പറവൂര്‍ (തെക്കന്‍ പറവൂര്‍) നൂറ്റാണ്ടുകള്‍ക്കപ്പുറം തിരക്കേറിയ (തെക്കന്‍ പറവൂരിലെ തെരുവ്) വ്യാപാര കേന്ദ്രമായിരുന്നു. മണകുന്നംദേശം ആസ്ഥാനമാക്കിയുള്ള പകുതി ഭാഗമാണ് ഉദയംപേരൂര്‍. പകുതി ദേശങ്ങള്‍ ചെമ്പ് തുരുത്തുന്ന പാലാംകടവ് എന്നീ പ്രദേശങ്ങളുമാണ്. വൈക്കം ആസ്ഥാനമായുള്ള വടക്കുംകൂര്‍ രാജവംശത്തിന്റെ കൈവശത്തിലായിരുന്നു ഈ ഭാഗം. ഭൂമിയുടെ ഉടമസ്ഥാവകാശങ്ങള്‍ മനകള്‍ക്കായിരുന്നു. ഗ്രാമത്തിന് തനതായ ഭരണ ക്രമം തുടങ്ങുന്നത് 1948-ല്‍ ആയിരുന്നു. വൈക്കം താഹസില്‍ദാര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ നിന്നും ആദ്യത്തെ വില്ലേജ് യൂണിയന്‍ തിരഞ്ഞെടുപ്പു നടന്നു. കരം തീരുവ ഉള്ളവരെ കൂടാതെ ബിരുദമുള്ളവര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നു. പ്രസിഡന്റായി കെ.റ്റി.വര്‍ക്കിയെ തെരഞ്ഞെടുത്തു. 1952-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തോട് ജനകീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതുവരെ ഇവരായിരുന്നു പഞ്ചായത്തു ഭരണം നടത്തിയിരുന്നത്. ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തിലേക്കും അവിടെനിന്നു തിരിച്ചും ഇവിടത്തുകാര്‍ യാത്ര ചെയ്യുന്നത് ജലയാത്രയെ ആശ്രയിച്ചിട്ടാണ്. പൂത്തോട്ടയില്‍ പഞ്ചായത്തുവക ബോട്ടു ജെട്ടിയുണ്ട്. ഇവിടെ നിന്നും പെരുമ്പളം, പാണാവളളി എന്നി പ്രദേശങ്ങളിലേക്ക് സര്‍ക്കാര്‍ ബോട്ടു സര്‍വ്വീസ് നടത്തിവരുന്നു. പറവൂര്‍ ഫെറിയില്‍ നിന്നും പെരുമ്പളം ദ്വീപിലേക്ക് യമഹാ സര്‍വ്വീസ് നടത്തുന്നുണ്ട്. കേരളത്തിലെ മറ്റൊരു മണ്ണാറശാല എന്നറിയപ്പെടുന്ന ആമേട അമ്പലത്തില്‍ കന്നിമാസത്തിലെ ആയില്ല്യം നാളില്‍ കേരളത്തിന്റെ വെളിയില്‍ നിന്നുപോലും ആയിരക്കണക്കിനു ഭക്തജനങ്ങള്‍ വന്നു പോകുന്നു. കേരളത്തിന്റെ ചരിത്രരേഖകളില്‍ ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട സുന്നഹദോസ് നടന്ന പള്ളിയും ഈ പഞ്ചായത്തിന്റെ സാംസ്കാരികതയുടെ പ്രതീകങ്ങളാണ്. കേരളത്തിലറിയപ്പെടുന്ന പെരുംതൃക്കോവില്‍ ക്ഷേത്രം ഈ പഞ്ചായത്തിലാണ്.

സമര ചരിത്രം..............

ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക പുരോഗതിക്കുവേണ്ടി ഒട്ടനവധി പോരാട്ടങ്ങള്‍ നടന്ന പ്രദേശമാണിത്. സ്വാതന്ത്ര്യത്തിനു മുന്‍പ് 1924-ലെ വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് അതിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പദയാത്ര മഹാനായ ടി.കെ.മാധവന്‍ ഉത്ഘാടനം ചെയ്തത് ഇന്നത്തെ പൂത്തോട്ടയില്‍ നിന്നാണ്. ഈ സമരത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ആമചാടിയില്‍ തേവന്റെ കണ്ണുകളില്‍ കുമ്മായം കലക്കി ഒഴിച്ച സംഭവം ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിനുശേഷം 1954-ല്‍ ചെത്തുതൊഴിലാളി സമരത്തിനെതിരെ (കൂലിവര്‍ദ്ധനവിനു വേണ്ടി നടന്ന സമരം) ഭീകരമായ പോലീസ് മര്‍ദ്ദനം അഴിച്ചുവിട്ടു. മിച്ചഭൂമിക്കുവേണ്ടിയിട്ടുള്ള ഈ പഞ്ചായത്തില്‍ ആദ്യമായി മുഴിക്കല്‍ പ്രദേശത്താണ് കുടില്‍ കെട്ടിസമരം ചെയ്തത്. 1972-ല്‍ കണ്ടനാട് കര്‍ഷകതൊഴിലാളിക്ക് കൂലി വെട്ടികുറച്ചതിനെതിരായി നടത്തിയ സമരമാണ് കണ്ടനാട് സമരം. 1974-ലെ കൊലവെട്ടി ചെത്തുതൊഴിലാളി സമരം ഈ പഞ്ചായത്തിലെ സമരത്തിന്റെ ഒരു നാഴികക്കല്ല് ആണ്. കായലോരഗ്രാമത്തെ പുളകമണിയിച്ച മറ്റൊരു സമരമാണ് പായല്‍ സമരം അഥവാ പട്ടിണിമാര്‍ച്ച്. കൈക്കുഞ്ഞുങ്ങളെ കൈയിലേന്തിയ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ജില്ലാ കേന്ദ്രത്തിലേക്കു 1970-ല്‍ നടത്തിയ പട്ടിണി മാര്‍ച്ച,് ആ കാലഘട്ടത്തില്‍ ഈ പഞ്ചായത്തിന്റെ ദാരിദ്യ്ര മുഖം വിളിച്ചോതുന്നു. പത്ത് സെന്റ് ഭൂമി വളച്ചുകെട്ടി കുടികിടപ്പു ഭൂമിയില്‍ അവകാശത്തിനായി കര്‍ഷകരും തൊഴിലാളികളും നടത്തിയ സമരവും ഈ പഞ്ചായത്തിന്റെ മുഖച്ഛായ മാററുന്നതിന് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. 1920-ല്‍ ഒരു പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വിദ്യാഭ്യാസ ചരിത്രം............

പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന് 300-ല്‍ പരം വര്‍ഷത്തെ ചരിത്രമുണ്ട്. ഏ.ഡി.802-ല്‍ തെക്കന്‍ പറവൂരില്‍ സ്ഥാപിച്ച സെന്റ് ജോണ്‍ പള്ളി അങ്കണത്തില്‍ ആയിരുന്നു തുടക്കം. ഇത് ഏകദേശം മുന്നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഒന്നാം തരവും രണ്ടാം തരവും വിദ്യാഭ്യാസം നടത്തിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 1826 ജനുവരി ഒന്നാം തിയതി തറക്കല്ലിട്ട് ആരംഭിച്ച് തിരുകുടുംബം (ഹോളിഫാമിലി ലിറ്റില്‍ പ്രൈമറി സ്ക്കൂള്‍) ആണ് ഉദയംപേരൂര്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ആദ്യത്തെ അപ്പര്‍ പ്രൈമറി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, തെക്കന്‍ പറവൂരില്‍ സ്ഥാപിച്ച ലിറ്റില്‍ ഫ്ളവര്‍ അപ്പര്‍ സ്ക്കൂള്‍ ആണ്. വൈക്കത്തിനും തൃപ്പൂണിത്തുറയ്ക്കുമിടയില്‍ അക്കാലത്ത് ഉണ്ടായിരുന്ന ഏക ഇംഗ്ളീഷ് മീഡിയം സ്ക്കൂളും ഇതു തന്നെ. 1935-ല്‍ തിരുവിതാംകൂര്‍ സഹകരണസംഘം രജിസ്ട്രാര്‍ ആയിരുന്ന ബി.ഗോവിന്ദപിള്ള ആയിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ആദ്യത്തെ ഹൈസ്ക്കൂള്‍ 1950-51 കാലത്ത് ആരംഭിച്ച് എസ്.എന്‍.ഡി.പി.ഹൈസ്ക്കൂളുമാണ്. ഒരു ബി.എഡ് ട്രെയിനിംഗ് സെന്ററുള്‍പ്പെടെ ഒരു പ്ളസ്ടുസ്കൂളും , ഒരു വി.എച്ച്.എസ്.സിയും, മൂന്നു ഹൈസ്ക്കൂളുകളും ഒരു ഐ.റ്റി.സി,യും, ഇന്നത്തെ പഞ്ചായത്തിന്റെ വിദ്യാഭ്യാസ മേഖല സമ്പുഷ്ടമായിരിക്കുന്നു..പഞ്ചായത്തിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനം സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ ബി.എഡ്. ട്രെയിനിംഗ് കോളേജാണ്.
                കഴിഞ്ഞ അരനൂറ്റാണ്ട് മുന്‍പ്‌ഉള്ള ഗ്രാമപ്രദേശമല്ല  ഇന്നത്തെ ഉദയംപേരൂര്‍ ഗ്രാമാമെന്നതിലുപരിയായി ഇപ്പോള്‍ നഗരം വിഴുങ്ങികൊണ്ടിരിക്കുകയെന്നും പറയാം . ഒരു ഇരുപത്തിയഞ്ചു  വര്ഷം മുന്‍പ്‌ വരേ ഇവിടുത്തെ  വയലുകളില്‍ വിളവെടുപ്പും മറ്റും ഉണ്ടായിരുന്നു അന്നത്തെ പോലെ പച്ചപുതച്ച നെല്‍പ്പാടങ്ങളും തെങ്ങിന്കുലകളാല്‍ നിറഞ്ഞിരുന്ന തെങ്ങിന്‍തോപ്പുകളും  കുറ്റിക്കാടുകളും കൈതോടുകളും  ഇന്നില്ല ഉടയംപെരൂരിന്റെ മുഖശ്രീ  നഷ്ടപെട്ടു എന്നുതന്നെ പറയാം .ഇന്നു വയലായ വയല്‍ എല്ലാം മണ്ണിട്ട്‌ നികത്തിയും മണ്ണെടുത്തും മാലിന്യം കൊണ്ട് നിറച്ചും മനുഷ്യന്‍ തന്‍റെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയും  ഈ ഗ്രാമത്തെ നശിപ്പിക്കുന്നു .ഒരു കാലത്ത് ശുദ്ധജലത്തിന്റെ ഉറവിടമായിരുന്ന കോണോത്തുപുഴയിലെ നീരൊഴുക്കു നിലച്ചു ,മാലിന്യം കൊണ്ട് നിറഞ്ഞു .പുഴയുടെ വീതി ഇരു കരകളും കവര്‍ന്നു എടുത്തു .പണ്ട് കാലത്ത്  ആളുകള്‍ കുളിക്കുകയും മറ്റും ചെയ്തിരുന്ന കോലഞ്ചേരികടത്ത് കടവ്‌ അറവ് മാലിന്യം കൊണ്ട് നിറഞ്ഞു  രൂക്ഷഗന്ധം മൂലം ഈ ഭാഗത്തുകൂടി പോകാനേ പറ്റുന്നില്ല ഇങ്ങനെ പോയാല്‍ അധികകാലം ഈ പുഴയ്ക്കു ആയുസ്സ്‌ ഉണ്ടാകുകയില്ല ഒരു പുഴ മരിക്കുന്നതിന്റെ  ഉദാഹരണം നമ്മുടെ കണ്‍ മുന്പില്‍ തന്നെ വൈകാതെ കാണാം .ഇപ്പോള്‍ കൃഷി പേരിനു മാത്രമായി കാര്‍ഷികവേലയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ മറ്റുപണികള്‍ തേടിപോയി.സര്‍ക്കാര്‍തലത്തിലും സ്വകാര്യ മേഖലയിലും പണിയെടുക്കുന്നവരുടെ എണ്ണം കൂടി പ്രതിശീര്‍ഷവരുമാനത്തില്‍ പുരോഗതി വന്നു മദ്ധ്യവര്‍ത്തികളാണ് ഏറയും.ചിന്തയിലും ,സംസ്കാരത്തിലും മാത്രമല്ല വിദ്യാഭ്യാസ,സാമൂഹിക ,രാഷ്ട്രിയ മേഖലകളില്‍ എല്ലാം കാഴ്ചപ്പാടില്‍ എല്ലാം മാറ്റം വന്നിരിക്കുന്നു .നാഗരികതയുടെ കൂടപ്പിറപ്പായ സ്വാര്‍ഥതയും ,പൊങ്ങച്ചവും നമ്മുടെ ഈ ഗ്രാമീണജീവിതത്തെ മലിനപ്പെടുതാതിരിക്കാന്‍ ജഗതീശ്വരനോട് പ്രാര്‍ത്ഥിക്കാം ......................................

തയാറാക്കിയത് ജോമോന്‍ ജോസഫ്‌